സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും ചൈനയില്‍ പന്ത് തട്ടും

ഫ്‌ലോറിഡ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും ചൈനയില്‍ പന്ത് തട്ടും. നവംബറില്‍ അഞ്ച്, എട്ട് തിയതികളില്‍ ഇന്റര്‍ മയാമിയുടെ സൗഹൃദ മത്സരങ്ങള്‍ ചൈനയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. നവംബര്‍ അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ക്വിംഗ്ദാവോ ഹൈനിയു മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികളാകും.

ഏഷ്യയില്‍ കളിക്കാന്‍ ലഭിക്കുന്ന അവസരം ഏറ്റവും മികച്ചതാണെന്ന് ഇന്റര്‍ മയാമി സ്‌പോര്‍ടിങ്ങ് ഡയറക്ടര്‍ ക്രിസ് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. 2024 മയാമിക്ക് വലിയ വിജയങ്ങള്‍ നേടാനുണ്ട്. അതിനുള്ള അവസരമായി ചൈനീസ് സന്ദര്‍ശനത്തെ കാണുമെന്നും ക്രിസ് ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

നവംബര്‍ എട്ടിന് നടക്കുന്ന മത്സരത്തില്‍ ചെങ്ഡു റോങ്ചെങ് ആണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍. സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ജോര്‍ഡി അല്‍ബ തുടങ്ങിയ താരങ്ങള്‍ ചൈനയിലേക്ക് എത്തുമെന്നാണ് ഇന്റര്‍ മയാമി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മികച്ച തയ്യാറെടുപ്പോടെ അടുത്ത വര്‍ഷത്തെ മേജര്‍ ലീഗ് സോക്കറില്‍ പ്രകടനം മെച്ചപ്പെടുത്താനാവും മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഈ സീസണില്‍ മേജര്‍ ലീഗ് സോക്കറില്‍ നിന്ന് ഇന്റര്‍ മയാമി പുറത്തായിരുന്നു.

 

 

Top