സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രം ‘ആകാശ ഗംഗ- 2’ ചിത്രീകരണം പൂര്‍ത്തിയായി

വിനയന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ- 2’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിനയന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആണ് ‘ആകാശ ഗംഗ- 2’ എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ- 2 വിലെ അഭിനേതാക്കള്‍.

ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ്. ഹരിനാരായണന്റേയും രമേശന്‍ നായരുടേയും വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

1999ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തില്‍ നായിക ദിവ്യ ഉണ്ണിയായിരുന്നു. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. റിയാസ് ഹസന്‍, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, കല്‍പ്പന, രാജന്‍ പി.ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top