കോവിഡ് വ്യാപനം; അടുത്ത ഒരാഴ്ച നിര്‍ണായകം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നാളെ മുതല്‍ ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിന് ഏപ്രില്‍ 20 വരെ വളരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ എത്ര കര്‍ശനമായി നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈറസ് വ്യാപനത്തെ ഓരോ തലത്തിലും പിടിച്ചുകെട്ടുന്നതിനാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മോദി പറഞ്ഞു. വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചാല്‍ പോലും നമ്മുടെ ആശങ്ക വര്‍ധിക്കും. അതുകൊണ്ടുതന്നെ ഹോട്ട്സ്പോട്ടുകളില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കും.

കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കാന്‍ അനുമതി നല്‍കും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

ഏതാനും ചില പ്രദേശങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും അത് കര്‍ശന വ്യവസ്ഥകളിന്‍മേല്‍ ആയിരിക്കും. അത്തരം ഇടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇളവുകള്‍ പിന്‍വലിക്കും. ലോക്ക്ഡൗണും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നപടികളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിടുമെന്നും മോദി പറഞ്ഞു.

Top