പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദസാന്നിധ്യമാവാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾ

മ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നുകേൾക്കുന്നത് തന്നെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയൊന്ന് സംഭവിക്കാൻ പോവുകയാണ്. പക്ഷേ അത് സ്ക്രീൻ പങ്കിടാനല്ല, മറിച്ച് പിന്നണിയിലാണെന്ന് മാത്രം. സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ ഇരുവരും ശബ്ദസാന്നിധ്യമാവും. വിനയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ്. സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം നൽകാനാണ് മമ്മൂട്ടിയെത്തുന്നത്. സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതായിരിക്കും ഇവരുടെ വാക്കുകളെന്ന് വിനയൻ പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ അർപ്പിക്കുന്നുവെന്ന് വിനയൻ പറഞ്ഞു. മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ? എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്.. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലുംചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു.. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു.’ വിനയൻ എഴുതി.

ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനൂപ് മേനോനും സുദേവ് നായരുമടക്കം വൻ താരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിലെത്തും.

Top