ഞാന്‍ കണ്ട സൂപ്പര്‍ സ്റ്റാര്‍ അദ്ദേഹമാണ്; പ്രതികരണവുമായ് സേതുപതി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാറേയുള്ളുവെന്ന് വ്യക്തമാക്കി വിജയ് സേതുപതി. തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ലഭിച്ച വിശേഷണത്തില്‍ വിഷമം ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. ദയവ് ചെയ്ത് എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കരുത്, തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അത് രജനി സാറാണെന്നും സേതുപതി പറഞ്ഞു.

ഒരു കഥാപാത്രമായി മാറാന്‍ അറുപത്തിയെട്ടാമത്തെ വയസിലും അദ്ദേഹം എടുക്കുന്ന അധ്വാനവും പരിശ്രമവും ആത്മാര്‍ഥതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹന്‍ അദ്ദേഹം തന്നെയാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

പേട്ട എന്ന സിനിമയുടെ ഓഡിയോ റിലീസിനിടെ വിജയ് സേതുപതിയെ രജനികാന്ത് മഹാനടികര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. രജനിയുടെ ഈ വാക്കുകളും വിജയ് സേതുപതി ഓര്‍മ്മിച്ചു. മഹാനടികര്‍ എന്ന് രജനികാന്ത് പറഞ്ഞ നിമിഷം ഭയം തോന്നി. തന്റെ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. നാല്‍പ്പതുവര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നയാളാണ് രജനിസാര്‍. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും വന്ന ആ വാക്ക് ഏറ്റവും വലിയ അനുഗ്രഹം എന്നേ തനിക്ക് പറയാനുള്ളൂവെന്നും വിജയ് സേതുപതി പറഞ്ഞു

താരം അടുത്തവര്‍ഷം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നുണ്ട്. ജയറാമും മഞ്ജുവാര്യരും ഒന്നിക്കുന്ന മര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അതിഥിവേഷമാണ്.

Top