ബാഹുബലിക്കൊപ്പം സഹോയിൽ സൂപ്പർ സ്റ്റാർ മോഹൻലാലും എത്തുന്നു

ബാഹുബലി 2ന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ആക്ഷൻ ചിത്രമാണ് സാഹോ.

സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്മുടെ സ്വന്തം ലാലേട്ടനും അഭിനയിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രം തന്നെയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രഭാസിനും മോഹന്‍ലാലിനും ഒപ്പം വമ്പന്‍ താരനിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക.

ശ്രദ്ധ കപൂറിന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണിത്. ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജരേക്കര്‍, ചങ്കി പാണ്ഡെ, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങിയവരാണ് സാഹോയിലെ മറ്റ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്‌, മനമാന്ത എന്നീ മോഹൻലാൽ ചിത്രങ്ങൾ തെലുങ്കിൽ വമ്പന്‍ വിജയങ്ങളായിരുന്നു.

ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷൻസാണ്. ആക്ഷൻ ത്രില്ലർ സാഹോയുടെ ബഡ്ജറ്റ് 150 കോടിയാണ്.

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മുംബൈ , അബുദാബി, ദുബായ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളാണ് സാഹോയുടെ ലൊക്കേഷനുകൾ.

ശങ്കർ എഹ്സാൻ ലോയ് സംഗീതവും സാബു സിറിൽ കലാസംവിധാനവും നിർവഹിക്കുന്നു.

Top