സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസറിന് വിജയം

ജിദ്ദ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസറിന് വിജയം. സൗദി പ്രോ ലീഗില്‍ അല്‍ അഹ്ലിക്കെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ വീണ്ടും അല്‍ നസറിന്റെ രക്ഷകനായത്. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ അല്‍ നസറിനെ വിജയത്തിലെത്തിച്ചത്.

24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പത് ആക്കി കുറയ്ക്കാന്‍ അല്‍ നസറിന് സാധിച്ചു. നേരത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ അല്‍ നസര്‍ പുറത്തായിരുന്നു.

അല്‍ നസറില്‍ റൊണാള്‍ഡോയുടെ 50-ാം ഗോളാണിത്. 2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയത്. അല്‍ നസറിന്റെ മഞ്ഞക്കുപ്പായത്തില്‍ 58 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഗോളുകളെന്ന നാഴികകല്ല് പിന്നിട്ടത്.

Top