കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കുവാന്‍ ഇടതുപക്ഷത്തിന് സൂപ്പര്‍ അവസരം !

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭയാണ് കൊച്ചി. സംസ്ഥാനത്തെ വ്യാവസായിക തലസ്ഥാനമായ ഈ നഗരത്തിലെ ഭരണം പിടിക്കുക എന്നത് ഇത്തവണ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടയാണ്. 1971 മുതല്‍ 2010 വരെ മൂന്ന് പതിറ്റാണ്ട് ഭരിച്ച നഗരസഭ ഭരണം തിരിച്ചു പിടിക്കാന്‍ ശക്തമായ പ്രവര്‍ത്തനമാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. 2010 ല്‍ ടോണി ചമ്മണിയെ മുന്‍ നിര്‍ത്തി യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം 2015-ല്‍ സൗമിനി ജെയിനിലൂടെ അവര്‍ നിലനിര്‍ത്തുകയാണുണ്ടായത്. ഇത്തവണ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലാണ്. ജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ‘എ’ ഗ്രൂപ്പിനും നഗരസഭ മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനും എന്നതാണ് കോണ്‍ഗ്രസ്സിലെ ധാരണ. ഈ ധാരണയിലും സീറ്റ് വിഭജനത്തിലും, ശക്തമായ ഭിന്നതയാണ് കോണ്‍ഗ്രസ്സിലുള്ളത്. ഇത് പാലം വലിയില്‍ കലാശിക്കുമോ എന്ന ആശങ്ക ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലും ശക്തമാണ്.

മുന്‍ മേയര്‍ സൗമിനി ജെയിന് സീറ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭരണത്തിനെതിരായ ജനവികാരം തിരിച്ചടിയാകുമോ എന്ന ഭയം യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഈ ജനവികാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇടതുപക്ഷവും മുന്നോട്ട് പോകുന്നത്. സി.പി.എം ജില്ലാ കമ്മറ്റി അംഗമായ എം.അനില്‍കുമാറാണ് ഇടതുപക്ഷത്തിന്റെ പ്രധാന അമരക്കാരന്‍. ഇടതുപക്ഷത്തിന് ഭരണം ലഭിച്ചാല്‍ മേയറാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നതും ഈ യുവാവിനാണ്. എളമക്കര ഡിവിഷനില്‍ നിന്നാണ് അനില്‍കുമാര്‍ ഇത്തവണ മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അനില്‍കുമാര്‍ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സാധ്യതയെ കുറിച്ച് എക്‌സ്പ്രസ്സ് കേരളയോട് സംസാരിക്കുന്നു.

അനില്‍കുമാറിന്റെ ഈ വാക്കുകളില്‍ തന്നെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വ്യക്തമാണ്. ഒറ്റ മനസ്സായാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ യു.ഡി.എഫില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക നേതാക്കള്‍ തമ്മിലുള്ള വീതംവയ്പ്പായി മാറിയെന്ന ആക്ഷേപം യുവ നേതൃനിരയില്‍ തന്നെ ശക്തമാണ്. മുതിര്‍ന്ന നേതാവ് കെ വി തോമസും കെ സി വേണുഗോപാലും ശുപാര്‍ശ ചെയ്തവര്‍ക്കു പോലും സീറ്റ് നല്‍കാതെ ഏതാനും നേതാക്കളുടെ ഇഷ്ടക്കാരെ മാത്രം സ്ഥാനാര്‍ഥിയാക്കി എന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. പ്രമുഖ നേതാക്കളായ എ ബി സാബു, കെ വി പി കൃഷ്ണകുമാര്‍, വികസന സ്ഥിരംസമിതി അധ്യക്ഷ ഗ്രേസി ജോസഫ് തുടങ്ങിയവര്‍ക്കൊന്നും ഇക്കുറി സീറ്റില്ല. ഇവര്‍ക്കെല്ലാം പല ഡിവിഷനുകളിലും കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് ചോര്‍ത്താനുള്ള ശേഷിയുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതയ്ക്ക് മേല്‍ ഈ അതൃപ്തിയും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞതിലും നഗരസഭ ഭരണം വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. മേയര്‍ സൗമിനിക്ക് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ്സ് മുന്‍ കൗണ്‍സിലിന്റെ രണ്ടാം പകുതിയില്‍ മേയര്‍സ്ഥാനം പങ്കിടാന്‍ ധാരണയുണ്ടായിരുന്ന ഷൈനി മാത്യുവിന് ഇക്കുറിയും സീറ്റ് നല്‍കിയിട്ടുണ്ട്. മേയര്‍ക്കൊപ്പം ആദ്യവസാനം അടിയുറച്ചു നിന്നതാണ് സാബുവിന് സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്നാണ് സൂചന. സിറ്റിങ് ഡിവിഷന്‍ സ്ത്രീ സംവരണമായപ്പോള്‍ സമീപ ഡിവിഷനുകളില്‍ ഒന്നിലേക്ക് മാറാന്‍ സാബു ശ്രമം നടത്തിയിരുന്നെങ്കിലും, തഴയപ്പെടുകയായിരുന്നു.

കെ വി തോമസ് ശുപാര്‍ശ ചെയ്തയാളെ ഹൈബി ഈഡനും വി ഡി സതീശനും ചേര്‍ന്ന് ഒഴിവാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ്സിലുണ്ട്. ഇതിനെതിരെ കെ വി തോമസ് കെപിസിസി നേതൃത്വത്തോടും പരാതിപ്പെട്ടിട്ടുണ്ട്. എളമക്കര നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഐ ഗ്രൂപ്പിലും ഭിന്നത രൂക്ഷമാണ്. ഐ ഗ്രൂപ്പിന്റെ സീറ്റ്, ‘എ’ ഗ്രൂപ്പില്‍ നിന്ന് അടുത്ത കാലത്ത് ഗ്രൂപ്പ് മാറിയയാള്‍ക്ക് നല്‍കിയെന്നാണ് പ്രധാന പരാതി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി നല്‍കിയ നിര്‍ദേശം ലംഘിച്ചതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരായി മത്സരിച്ച് ജയിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് കെപിസിസി നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍, നഗരസഭ ഒന്നാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേരത്തെ ജയിച്ചത് കോണ്‍ഗ്രസ് വിമതനായിട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് വിമതയായി മത്സരിച്ചിട്ടുണ്ട്. ഇതും ഒരു വിഭാഗം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ്സിലെ ഈ അഭിപ്രായ ഭിന്നതകള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് ഘടക കക്ഷികള്‍ക്കുമുണ്ട്. കൊച്ചി നഗരസഭ ഭരണം ഇടതുപക്ഷം പിടിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ചുവപ്പിന്റെ സാധ്യതയ്ക്കാണ് അത് വലിയ ആത്മവിശ്വാസം നല്‍കുക.

Top