ആകാശത്ത് ചന്ദ്രവിസ്മയമൊരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി

കൊച്ചി: ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ വിസ്മയങ്ങള്‍ ദൃശ്യമായി. ബുധനാഴ്ച വൈകിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമായതായാണു റിപ്പോര്‍ട്ടുകള്‍. വൈകിട്ട് 5.15നാണ് അപൂര്‍വതകളുള്ള ചന്ദ്രഗ്രഹണം ആരംഭിച്ചത്. 6.21 മുതല്‍ പൂര്‍ണഗ്രഹണം അനുഭവപ്പെട്ടു. 8.41 വരെ ഭാഗികഗ്രഹണം തുടര്‍ന്നു.

പൂര്‍ണ ചന്ദ്രഗ്രഹണം, സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിവ കാണുന്നതിനായി രാജ്യത്തെ വിവിധ വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. കിഴക്കേ ചക്രവാളം കാണാവുന്ന സ്ഥലത്തുനിന്നു വീക്ഷിച്ചപ്പോഴാണ് പൂര്‍ണഗ്രഹണത്തിന്റെ തുടക്കം മുതല്‍ ദൃശ്യമായത്.

ഭൂമിയോടു വളരെ അടുത്തുവരുന്ന ദിവസമായതിനാല്‍ ഇന്നത്തെ പൗര്‍ണമിക്കു 14 ശതമാനം വലുപ്പക്കൂടുതല്‍ തോന്നും. 30 ശതമാനം അധികപ്രഭയും ഉണ്ട്. അതുകൊണ്ടാണ് സൂപ്പര്‍മൂണ്‍ എന്നാണു വിളിക്കുന്നത്. ഈ മാസത്തെ രണ്ടാമത്തെ പൗര്‍ണമി ആയതിനാല്‍ ബ്ലൂമൂണ്‍ എന്നു വിളിക്കും.

ചന്ദ്രനില്‍നിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിഘടിക്കുന്നതിനാല്‍ വര്‍ണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതല്‍ കാണപ്പെട്ടത്. തന്മൂലം ചന്ദ്രബിംബം ചുവപ്പായി തോന്നും. അതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇന്നത്തെ പൗര്‍ണമി അറിയപ്പെടുന്നു. 1866 മാര്‍ച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും ഒന്നുചേര്‍ന്നത്.

Top