റോഡ് ഉപരോധിച്ച് സമരം വേണ്ട; ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി. സമരം എത്രദിവസം വേണമെങ്കിലും തുടരാം, എന്നാല്‍ പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു. പൊതു സ്ഥലങ്ങളില്‍ പ്രതിഷേധം നടത്തുന്നതില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടാണ് ഡോ. നന്ദ് കിഷോര്‍ ഗര്‍ജും അമിത് ഷഹ്നിയും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

ഹര്‍ജി വീണ്ടും 17-ന് പരിഗണിക്കും. അത് വരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതിഷേധം തുടരാം. എന്നാല്‍ അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട സ്ഥലത്തായിരിക്കണം. പൊതുറോഡ് അനിശ്ചിതമായി തടയാനാവില്ലെന്നും ജസ്റ്റിസ് കെ.എസ്.കൗള്‍ വാക്കാല്‍ അറിയിച്ചു. ‘ഒരു പൊതു പ്രദേശത്ത് അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ കഴിയില്ല. എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? നിരവധി ദിവസങ്ങളായി പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ പാടില്ല’ കെ.എസ്.കൗള്‍ പറഞ്ഞു.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ക്യാംപസിനുള്ളില്‍ കയറി പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് 2019 ഡിസംബര്‍ 15 നു ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി. രണ്ടു മാസത്തോളമെത്തിയ സമരം, സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമാണ്.

Top