ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-സണ്‍റൈസേഴ്‌സ് പോരാട്ടം; മലയാളി താരം ദേവ്ദത്ത് കളിച്ചേക്കും

ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. അതേസമയം ദേവ്ദത്ത് പടിക്കൽ എന്ന മലയാളി യുവ ക്രിക്കറ്റുടെ അരങ്ങേറ്റം കൂടിയായിരിക്കും ഇന്നത്തെ മത്സരം. വിരാട് കോഹ്‌ലി നയിക്കുന്ന ആര്‍സിബിയും ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക.

 

മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണ്. ഇക്കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ദേവ്ദത്ത്. 12 ഇന്നിങ്‌സില്‍ നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 

 

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സ് താരമാണ് ദേവ്ദത്ത്. ബെല്ലാരിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് ആര്‍സിബിയുടെ ഓഫര്‍ വന്നത്. ദേവ്ദത്തിനെ ഇന്ന് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിൽ ഏറെ ആരാധകര്‍ ഉള്ള ടീമാണ് ആര്‍സിബി. ദേവ്ദത്ത് ഇന്ന് കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകരും.

അതേസമയം ഐപിഎല്ലിന്റെ 13ാം സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആദ്യ മത്സരം കൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയുടെ ആദ്യ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം നടക്കുക.

Top