റോയല്‍സിന് തോല്‍വിയോടെ തുടക്കം; ഹൈദരാബാദിന് ഒന്‍പത് വിക്കറ്റ് ജയം

raju

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സിന് തോല്‍വിയോടെ തുടക്കം. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റ് ജയം.ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് സണ്‍റൈസേഴ്സ് വിജയം സ്വന്തമാക്കിയത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മുന്‍തൂക്കം നേടിയാണ് സ്വന്തം തട്ടകത്തില്‍ ഹൈദരാബാദിന്റെ ആധികാരിക വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെ (57 പന്തില്‍ 77 റണ്‍സ്) ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. സ്‌കോര്‍; രാജസ്ഥാന്‍ റോയല്‍സ് – 20 ഓവറില്‍ 125/9, സണ്‍റൈസേഴ്സ് ഹൈദരാബാദ് – 15.5 ഓവറില്‍ 127/1.

രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ധവാന്‍ ടീമിനെ വിജയത്തിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട വില്യംസണ്‍ 36 റണ്‍സെടുത്ത് പുറത്താകെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച ബൗളിങ്ങ് പ്രകടനത്തിലൂടെയാണ് ഹൈദരാബാദ് 126 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്. ഭേദപ്പെട്ട തുടക്കം രാജസ്ഥാന് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വലിയ സ്‌കോറിലെത്താന്‍ രാജസ്ഥാന് സാധിച്ചില്ല.

മലയാളി താരം സഞ്ജു വി സാംസണ്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയില്‍ തിളങ്ങാനായില്ല. ഒരു റണ്‍സ് അകലെ അര്‍ധസെഞ്ച്വറി നഷ്ടമായ സഞ്ജു 42 പന്തുകള്‍ നേരിട്ടാണ് 49 റണ്‍സ് അടിച്ചെടുത്തത്. സഞ്ജുവിന് പുറമേ ക്യാപ്റ്റന്‍ രഹാനെ (13 പന്തില്‍ 13 റണ്‍സ്), ത്രിപാദി (15 പന്തില്‍ 17 റണ്‍സ്), ഗോപാല്‍ (18 പന്തില്‍ 18 റണ്‍സ്) എന്നിവര്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു. ഹൈദരാബാദിനായി ഷക്കീബ് അല്‍ ഹസനും സിദ്ധാര്‍ഥ് കൗളും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Top