സണ്ണി ലിയോണിനെതിരായ പരാതി; ഷിയാസ് പണം കൈമാറിയതിന് കരാർ രേഖയില്ല

കൊച്ചി: നടി സണ്ണി ലിയോണിനെതിരെ നൽകിയ പരാതിയിൽ പെരുമ്പാവൂർ സ്വദേശി ഷിയാസ് നടിക്ക് പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് കണ്ടെത്തൽ. പണം നൽകിയത് മറ്റു രണ്ടു പേരാണെന്നാണ് നടിയുടെ കൈവശമടക്കമുളള കരാർ രേഖകളിലുള്ളത്. ഇതേ തുടർന്ന് പൊലീസ് പരാതിക്കാന്റെ മൊഴി എടുത്തു. താൻ പണം കൈമാറിയിട്ടില്ലെന്നും പണം നൽകിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നൽകാൻ തന്നെ അവർ ചുമതലപ്പെടുത്തിയതാണെന്നുമാണ് പരാതിക്കാരനായ ഷിയാസ് പറഞ്ഞത്.

കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്നാണ് പരാതി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്നാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരം കൊച്ചി ക്രൈം ബ്രാ‌ഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Top