ബിജെപി എംപിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന് കോവിഡ്

ന്യൂഡല്‍ഹി : ബോളിവുഡിലെ താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെയാണ് 64കാരനായ സണ്ണിഡിയോള്‍ കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. ‘എനിക്ക്‌ കൊറോണ പോസിറ്റീവ്‌ ആയിരിക്കുകയാണ്. ക്വാറന്‍റൈനിലാണ്. ആരോഗ്യം സുഖമായിരിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഞാനുമായി ഏതെങ്കിലും വിധേന ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവുകയും കോവിഡ്‌ ടെസ്‌റ്റ്‌ നടത്തുകയും വേണം’ അദ്ദേഹം ട്വീറ്റ് ചെയ്തു.

തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസങ്ങളായി ഹിമാചലിലെ കുളുവില്‍ വിശ്രമത്തിലായിരുന്നു സണ്ണി ഡിയോള്‍. കുളുവിലെ വിശ്രമത്തിന് ശേഷം സണ്ണി ഡിയോളും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ ഡോ. രാജ്‌നീത് താക്കൂറാണ് സണ്ണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുരുദാസ് ‌പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ്‌ സണ്ണി ഡിയോള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Top