അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വികാരാദീനനായി സണ്ണി ഡിയോള്‍

പനാജി: ഹിന്ദി സിനിമയിലെ സൂപ്പര്‍താരം ധര്‍മേന്ദ്രയുടെ മകന്‍ എന്ന മേല്‍വിലാസത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സണ്ണി ഡിയോള്‍. എന്നാല്‍ 1980-90 കാലഘട്ടത്തില്‍ അദ്ദേഹം വിലയേറിയ താരമായി. ബേതാബ്, പാപ് കി ദുനിയ, ത്രിദേവ്, ഖയാല്‍, ദാമിനി, ഡര്‍, ജീത്, ഘട്ടക്, ബോര്‍ഡര്‍, ഗദര്‍ എക് പ്രേം കഥ എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകള്‍. 2000-ന് ശേഷം തുടര്‍പരാജയങ്ങളില്‍ പെട്ട് സിനിമയില്‍ നിന്ന് പലപ്പോഴും മാറി നില്‍ക്കുകയായിരുന്നു സണ്ണി ഡിയോള്‍. എന്നാല്‍ 2023ല്‍ ‘ഗദര്‍ 2’ വിലൂടെ ഗംഭീര തിരിച്ചുവരവാണ് സണ്ണി നടത്തിയത്. 60 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം 692 കോടിയാണ് ബോക്‌സോഫീസ് കളക്ഷന്‍.

കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സണ്ണി ഡിയോള്‍ വികാരാദീനനായി. ചലച്ചിത്ര പ്രവര്‍ത്തകരായ അനില്‍ ശര്‍മ്മ, രാജ്കുമാര്‍ സന്തോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിക്കിടെ, സണ്ണി ഡിയോള്‍ ഗദര്‍ 2-ന്റെ വിജയത്തെക്കുറിച്ചും താരാ സിങ് എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. എന്നാല്‍ ചലച്ചിത്ര നിര്‍മ്മാതാവ് രാജ്കുമാര്‍ സന്തോഷി അദ്ദേഹത്തെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെ സണ്ണി ഡിയോള്‍ വികാരാധീനനായി.

‘സിനിമാ വ്യവസായം സണ്ണിയുടെ കഴിവിനോട് നീതി പുലര്‍ത്തിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവം നീതി പുലര്‍ത്തി,’ രാജ്കുമാര്‍ സന്തോഷി പറഞ്ഞപ്പോള്‍ സണ്ണി ഡിയോള്‍ ഇങ്ങനെ പ്രതികരിച്ചു. ‘ഞാന്‍ വളരെ വികാരാധീനനാണ്, അതാണ് എന്റെ പ്രശ്‌നം’ അദ്ദേഹം കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു. ഗദറിലെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗദര്‍ 2 ഇത്ര വല്യ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സണ്ണി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു.

Top