വിഷ്ണുവിന്റൈ ജീവിതമാണ് ആ ബാഗില്‍, അത് തിരിച്ച് കൊടുക്കൂ; സഹായം അഭ്യര്‍ത്ഥിച്ച് സണ്ണി

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന മുഖമാണ് വിഷ്ണു പ്രസാദിന്റേത്. അതും കരഞ്ഞ്കലിങ്ങിയ കണ്ണുമായി ജീവിതം തിരിച്ച് തരണമെന്ന് അപേക്ഷിക്കുന്ന മുഖം. റെയില്‍വേ സ്റ്റേഷനില്‍ വച്ച് വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിക്കപ്പെട്ടു. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന് തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ സര്‍ട്ടിഫിക്കറ്റുകളാണ് മോഷണം പോയത്.

എന്നാല്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച വിഷ്ണുവിന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തി. വിഷ്ണുവിനെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ സണ്ണി വെയിനിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

”Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ 4 ദിവസങ്ങളായി തൃശ്ശൂര്‍ നഗരത്തില്‍ അലയുകയാണ്. ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും.” എന്നാണ് സണ്ണി വെയിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടിരിക്കുന്നത്. നിരവധി പേര്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജര്‍മനിയിലെ കപ്പല്‍ കമ്പനിയില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന് അവിടെ ജോലിക്കു കയറണമെങ്കില്‍ സമര്‍പ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമെല്ലാം അടങ്ങിയ ബാഗാണ്
കഴിഞ്ഞ 10ന് റെയില്‍വേ സ്റ്റേഷനില്‍ മോഷ്ടിക്കപ്പെട്ടത്. ജര്‍മനിയില്‍ നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരില്‍ നിന്ന് എത്തിയതായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു ശേഷം കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 6 വര്‍ഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണു ജര്‍മനിയില്‍ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Top