അയോധ്യയിലെ അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചിരിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്

ലക്നൗ: അയോധ്യയില്‍ പള്ളി പണിയുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി സ്ഥീകരിച്ചതെന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴാണ് ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് ഒരു തീരുമാനം അറിയിക്കുന്നത്.

‘ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങള്‍ ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്’, ഫാറൂഖി പറഞ്ഞു.

ഭൂമി സ്വീകരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും ഫാറൂഖി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബോര്‍ഡിന്റെ അടുത്ത നടപടി എന്താണെന്ന് ഫെബ്രുവരി 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ ഒമ്പതിലെ സുപ്രീംകോടതി വിധി പ്രകാരം യു.പി സര്‍ക്കാര്‍ പള്ളി നിര്‍മ്മിക്കാനായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി കൊടുക്കണമെന്നായിരുന്നു. എന്നാല്‍ കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്നായിരുന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ആദ്യം വ്യക്തമാക്കിയിരുന്നത്.അയോധ്യ കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17നു ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലായിരുന്നു ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്.

Top