അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ; സുനിത ദേവദാസ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാവരും നിര്‍ബന്ധമായും പോകണം എന്നല്ല, താല്‍പ്പര്യമുള്ളവര്‍ പോകട്ടെ. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ എന്നു സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതെ കുലസ്ത്രീയാണ്‌.
നായരാണ്. ഹിന്ദുവാണ്. പേര് സുനിത ദേവദാസ്.

കുലസ്ത്രീകളുടെ വിഷയം വരുമ്പോ ഇടപെട്ടില്ലെങ്കിൽ പിന്നീട് മനസാക്ഷി കുത്തു തോന്നും. അതിനാൽ ചിലത് പറഞ്ഞോട്ടെ.

നമ്മൾ കുലസ്ത്രീകൾ മുന്നേറ്റത്തിന്റെ പാതയിലാണ് എന്നത് അഭിമാനാര്ഹമാണ്. നമ്മൾ അങ്ങനെ ചരിത്രത്തിലാദ്യമായി നിലക്കലിൽ ഒരു വനിതാ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണല്ലോ.

കൂടാതെ നാം എത്ര മാത്രം ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. വണ്ടിയിൽ നിന്നും പെണ്ണുങ്ങളെ പിടിച്ചിറക്കുക, തെറി പറയുക, മുഖ്യമന്ത്രിയുടെ അച്ഛനേം അമ്മേം സ്മരിക്കുക, നിലക്കലിൽ വരുന്ന പെണ്ണുങ്ങളുടെ തുണിയഴിക്കുക, ആർത്തവമുണ്ടോ എന്ന് നോക്കുക, പാംസ്‌മീർ ടെസ്റ്റ് നടത്തി പുരുഷ സംഭോഗം അടുത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി നമ്മൾ മുന്നേറ്റത്തിന്റെ പാതയിലാണ്. അതിൽ അഭിമാനമുണ്ട്. അഹങ്കാരമുണ്ട്.

എങ്കിലും പോലീസ് കുലസ്ത്രീകളുടെ നിതംബത്തിൽ അടിച്ചാലും വേദനിക്കും എന്നത് ഒരു യാഥാർഥ്യമാണ്. അപ്പൊ ഒരയ്യപ്പനും വന്നു തടയില്ല. ലാത്തി കൊണ്ട് അടി കിട്ടിയാൽ നമ്മൾ തന്നെ കൊള്ളണം. അതുകൊണ്ട് ഒന്ന് പിന്നോട്ട് മാറി നിൽക്കുന്നതല്ലേ നല്ലത് എന്നൊരു തോന്നൽ ?

കൂടാതെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.
ചാനൽ ചർച്ചയിൽ വരുന്നത് രാഹുൽ ഈശ്വർ, ദീപ തുടങ്ങിയ നമ്പൂരി, നായർ സമുദായാംഗങ്ങളാണ്. വഴി തടയുന്നത് ഈഴവരൊക്കെയാണ്, എന്നാൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങുന്നതായി അഭിനയിക്കാനും വേണ്ടി വന്നാൽ തൂങ്ങാനും, ശിവസേന ആഹ്വാനം ചെയ്ത ആത്മഹത്യ ചെയ്യാനും ഇപ്പൊ വഴിയിൽ ഇറങ്ങി വണ്ടി തടഞ്ഞു അടി കൊള്ളാനുമൊക്കെ ഉള്ളത് ജാതിവ്യവസ്ഥയിൽ ഏറ്റവും താഴെ തട്ടിൽ വരുന്നവരാണ് . രാഹുൽ ഈശ്വറിന്റെ ഭാഷയിൽ പറഞ്ഞാൽ മഹിഷിമാർ. തടി കേടാക്കണോ വെറുതെ?

അത് കൂടാതെ ഈ ചാനൽ ചർച്ചയിൽ വന്ന നമ്പൂരിമാരുടെ വീരസ്യം പാണന്മാർ പാടി നടക്കുമെന്നും രാഹുൽ പറയുന്നുണ്ട്. പക്ഷെ അവിടെയൊന്നും വഴിയിലിറങ്ങിയ , തടി കേടാവുന്ന, പോലീസിന്റെ അടി കൊണ്ടു ചന്തിയിൽ തിണർത്ത പാട് വീഴാൻ പോകുന്ന മഹിഷിമാർക്ക് എന്ത് സംഭവിക്കുമെന്ന് ആരും പറയുന്നില്ല.

അതിനാൽ എനിക്ക് പറയാനുള്ളത് ഇതാണ്. കുലസ്ത്രീകൾ എന്നാൽ ഉണ്ണാനും ഉടുക്കാനുമുള്ള ഇല്ലത്തുള്ളവർ മാത്രമാണ്. അവർക്ക് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാലും ഒന്നും നഷ്ടപ്പെടാനില്ല. അല്ലാത്തവർ ഞങ്ങളും കുലസ്ത്രീകൾ ആണെന്നും പറഞ്ഞു ഇറങ്ങി പുറപ്പെട്ടാൽ പോലീസ് നട്ടെല്ല് ചവിട്ടി ഒടിക്കും . കാരണം നിങ്ങൾ വിചാരിക്കുന്നത്ര ലളിതമല്ല കാര്യങ്ങൾ.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. അതിനെ ധിക്കരിക്കാൻ ആർക്കും അവകാശമില്ല. ആ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ നിൽക്കുന്നത് കോടതി അലക്ഷ്യമാണ്. കേസുണ്ടാവും.

കൂടാതെ വിശ്വാസമാണ് ഏറ്റവും വലുത് എന്നാണല്ലോ ഇപ്പോൾ പാണന്മാർ പാടി നടക്കുന്നത്. എന്നാൽ അത് സത്യമല്ല. ഏറ്റവും വലുത് ജീവനാണ്. അത് ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു കിട്ടില്ല. രണ്ടാമത് വലുത് അവനവന്റെ നിലപാടാണ്. എന്തിനു വേണ്ടി നില കൊള്ളുന്നു എന്നത്.
ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും സ്വൈര ജീവിതവും നൂറ്റാണ്ടുകൾ പൊരുതി നേടിയവയാണ്. അതിനെ ഒറ്റ ദിവസം കൊണ്ടും പൊട്ട ബുദ്ധി കൊണ്ടും ഇല്ലാതാക്കാനാണ് നിങ്ങളിപ്പോൾ ശ്രമിക്കുന്നത്.
നിലകൊള്ളുമ്പോൾ പുരോഗമനാശയങ്ങൾക്ക് വേണ്ടി നില കൊള്ളണം. അല്ലാതെ നാടിനെയും ജനതയെയും നൂറ്റാണ്ടുകൾ പുറകോട്ട് വലിക്കുന്ന ആശങ്ങൾക്കൊപ്പമല്ല നില കൊള്ളേണ്ടത്.

ശബരിമല പ്രവേശനം വിശ്വാസത്തിന്റെ വിഷയമല്ല. ലിംഗ സമത്വത്തിന്റെ വിഷയമാണ്. സ്ത്രീ ആയതു കൊണ്ട് മാത്രം നമ്മൾ ഒരിടത്തു മാറ്റി നിർത്തപ്പെടുന്നുവെങ്കിൽ അത് വിവേചനമാണ്. ഭരണഘടനാ വിരുദ്ധമാണ്. അനീതിയാണ്. മനുഷ്യത്വവിരുദ്ധമാണ്.

ശബരിമല പ്രവേശനം സ്ത്രീകൾക്കും ആവാം എന്ന് സുപ്രീം കോടതി വിധിച്ചപ്പോൾ നമ്മൾ സ്ത്രീകൾക്ക് ലഭിച്ചത് സമത്വസുന്ദരമായ ഒരു ജീവിതമാണ്. അത് നമ്മളായിട്ട് നശിപ്പ്പിക്കരുത്.
എല്ലാവരും നിർബന്ധമായും ശബരിമലയിൽ പോകണം എന്നല്ല വിധി. താല്പര്യമുള്ളവർക്ക് പോകാൻ അവസരമുണ്ടെന്നു മാത്രമാണ്.
താല്പര്യമുള്ളവർ പോകട്ടെ. ആരും തടയരുത്.
അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാൻ അല്ല കോടതി വിധി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ എന്നെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാൽ നഷ്ടപ്പെട്ടു പോകുന്ന ദുർബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ?
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടെന്നേ.
എന്തായാലും ഒരു കാര്യത്തിൽ ഉറപ്പു തരാൻ സാധിക്കും. അന്തരീക്ഷത്തിലൂടെ ബീജസങ്കലനം നടന്നതായി ഇത് വരെ ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആർത്തവം അശുദ്ധിയാണോ, 41 ദിവസം വ്രതമെടുക്കാൻ സാധിക്കുമോ എന്നതാണല്ലോ അടുത്ത ആശങ്ക.
ആർത്തവം അശുദ്ധിയല്ല. അത് സ്വാഭാവികമായ ഒരു ജൈവപ്രക്രിയയാണ്. ഇനി അത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണം എന്നാണെങ്കിൽ അതിനു ഇന്ന് നിരവധി മാര്ഗങ്ങള് ഉണ്ട്. താല്പര്യമുള്ളവർക്ക് ഡോക്ടറെ കണ്ടു ഗുളിക വാങ്ങി കഴിക്കാം.
അല്ല കുലസ്ത്രീകളെ ഒരു കാര്യം ചോദിച്ചോട്ടെ, മല ചവിട്ടുന്ന എത്ര അയ്യപ്പന്മാർ 41 ദിവസത്തെ വ്രതം എടുക്കാറുണ്ട് ?
അപ്പൊ പിന്നെ സ്ത്രീകളും അങ്ങനൊക്കെ അങ്ങ് പോകട്ടെന്നെ.
പറഞ്ഞു വന്നത് ഇതാണ് . തടി കേടാവുന്ന കുലസ്ത്രീ പണിക്കൊന്നും പോകാതിരിക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രി പിണറായി ആണ്. ഞഞ്ഞാ പിഞ്ഞാ രമേശ് ചെന്നിത്തലയോ ബ ബ ബ ഉമ്മൻചാണ്ടിയോ അല്ല. സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പാക്കുന്നത് . അതിനു വിലങ്ങു കയറി നിന്ന് തടി കേടാക്കാതെ ഇരിക്കുന്നതല്ലേ നല്ലത് ?
ഞാൻ ഏതായാലും സർക്കാരിനൊപ്പമാണ്. എന്റെ കുലസ്ത്രീ തടി എനിക്ക് പ്രിയപ്പെട്ടതാണ്. അത് കേടാക്കാൻ ഞാനില്ല.
കൂടാതെ ചരിത്രത്തിൽ എന്നെ സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും തടസ്സം നിന്നവൾ എന്നും മൂരാച്ചി എന്നും രേഖപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല.
അതിനാൽ പുരോഗമനചിന്തകൾക്കൊപ്പം
മാറ്റത്തിനൊപ്പം
സ്ത്രീ സമത്വത്തിനൊപ്പം
സർക്കാരിനൊപ്പം
പിണറായിക്കൊപ്പം .
Sunitha Devadas

Top