കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; ഇന്ന് സുനിയുടെ മൊഴി രേഖപ്പെടുത്തും

തൃശ്ശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കൊടി സുനിക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊടി സുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാന്‍ അവശതകള്‍ ഉണ്ടെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്തുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയില്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു വെന്ന് എഫ്‌ഐആറില്‍ പറയുന്നു. നേരത്തേയുണ്ടായ ആക്രമണത്തില്‍ നാലു ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കലാപ ആഹ്വാനം നടത്തി സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.

Top