സുനില്‍ കനഗോലുവിനെ കൊണ്ടുവരുന്നത് എല്‍ഡിഎഫിനെ അട്ടിമറിക്കാനെന്ന് മുഹമ്മദ് റിയാസ്

കോട്ടയം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി യുഡിഎഫ് ഒരു ഇലക്ഷന്‍ ഇവെന്റ്മാനേജ്‌മെന്റ് തലവനെ കൊണ്ടുവന്നിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്. ആ തലവന്റെ പേര് സുനില്‍ കനഗോലു എന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കനഗോലു ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പ്രവര്‍ത്തനം നടത്തുന്നത്. 2014 ല്‍ രാജ്യത്ത് നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചത് കനഗോലുവാണ്. രാജ്യത്ത് 30 വര്‍ഷത്തിനു ശേഷമാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തു എന്ന് ലോകം മുഴുവന്‍ അറിയുന്ന ബിജെപിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനും പിന്നില്‍ പ്രവര്‍ത്തിച്ചതും നേതൃത്വം നല്‍കിയതും കാനഗോലുവാണെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

2017 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കാനും ബിജെപിയെ അധികാരത്തില്‍ എത്തിക്കാനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും സുനില്‍ കനഗോലുവാണ്. യോഗി ആദിത്യനാഥിന്റെ ചെവിയില്‍ തന്ത്രങ്ങള്‍ മന്ത്രിച്ചു നല്‍കിയത് കനഗോലുവാണ്. അധികാരത്തില്‍ വരണമെങ്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകണം, വര്‍ഗീയ ധ്രുവീകരണങ്ങള്‍ ഉണ്ടാകണം എന്നതെല്ലാം കനഗോലു തന്ത്രമാണ്. മുസഫര്‍ നഗര്‍ കലാപം പോലെയുള്ള ഉത്തര്‍ പ്രദേശിലെ കലാപങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. പാവപ്പെട്ട മുസല്‍മാനെയും ക്രൈസ്തവനെയും ഇരയാക്കി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ വ്യക്തിയാണ് സുനില്‍ കനഗോലു. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ല. ആ സുനില്‍ കനഗോലുവിനെയാണ് കെപിസിസി യുടെ നിര്‍വ്വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഇരുത്തിയത്. ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസ്സുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഇങ്ങനെ ഈ വിഷയത്തെ കാണുന്നുവെന്നും എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായമെന്നും മുഹമ്മദ് റിയാസ് ഉന്നയിച്ചു.

തലയില്‍ വെള്ളതൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട മുസല്‍മാന്‍മാര്‍, ക്രിസ്തുമസ് ആഘോഷിച്ചതിന് ആക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാര്‍, അവരെ ആക്രമിക്കാന്‍ വേണ്ടി എല്ലാ ഉപദേശവും നല്‍കി, അതിനു നേതൃത്വം കൊടുക്കാന്‍ ബിജെപിയെ സജ്ജമാക്കിയ സുനില്‍ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉപദേഷ്ടാവെന്നും റിയാസ് വിമര്‍ശിച്ചു.

ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോള്‍ അത് ഏറ്റുപിടിക്കന്‍ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം. കേരളത്തിലെ ഗവര്‍ണറുടെ ഓഫീസാണ് രണ്ടാമത്തേത്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയുടെയും ആര്‍എസ്സിന്റെയും രാഷ്ട്രീയം പയറ്റാന്‍ വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഓഫീസ് കെപിസിസി ഓഫീസാണ്. ഈ മൂന്ന് ഓഫീസുകള്‍ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശിലും, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത അധികാര കസേരയില്‍ ബിജെപിയെ ഇരുത്തിയ സുനില്‍ കനഗോലു അല്ല, അതിലും വലിയ കൊലു വന്നാലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കുതിച്ച് തന്നെ മുന്നോട്ട് പോകും. അതിനു ജനങ്ങള്‍ കൂടെയുണ്ട് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Top