‘അന്ന് കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല…’; വിരാട് കോഹ്‌ലിയെ പരിഹസിച്ച് ഗവാസ്‌കര്‍

കൊല്‍ക്കത്ത: വിരാട് കോഹ്‌ലിയെ പരിഹസിച്ച് ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന വിരാട് കോഹ്‌ലിയുടെ പരാമര്‍ശത്തിനെതിരെയാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച വിശകലന പരിപാടിക്കിടെയാണ് കോഹ്‌ലിക്കെതിരെ ഗവാസ്‌കര്‍ പരാമര്‍ശിച്ചത്.

നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ കോലിക്ക് പറയേണ്ടതുണ്ടാകുമെന്നും കോലി ജനിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നും ഗാവസ്‌കര്‍ വ്യക്തമാക്കുകയുണ്ടായി.

‘ഇത് ഐതിഹാസിക വിജയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഗാംഗുലിയുടെ ടീമിന്റെ വരവോടെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയതെന്നാണ് കോലി പറഞ്ഞത്. ദാദ ബി.സി.സി.ഐ പ്രസിഡന്റ് ആണെന്ന് എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നല്ലതു പറയാന്‍ താത്പര്യം കൂടും. പക്ഷേ 1970കളിലും 80കളിലും ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ട്. അന്ന് കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.’-ഗാവസ്‌കര്‍ വ്യക്തമാക്കി.

2000ത്തിന് ശേഷമാണ് ഇന്ത്യയില്‍ ക്രിക്കറ്റ് തുടങ്ങിയതെന്ന് വിശ്വസിക്കുന്ന ചിലരുണ്ടെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Top