ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. മത്സരത്തിന് വേണ്ടത്ര ഒരുക്കം ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കൂടുതല്‍ സന്നാഹ മല്‍സരങ്ങള്‍ നടത്തേണ്ട സമയത്ത് താരങ്ങള്‍ അവധി ആഘോഷിക്കുകയായിരുന്നെന്നും, മിക്ക താരങ്ങളും പരിശീലനം വേണ്ടെന്ന് വച്ച് ടൂര്‍ പരിപാടികളില്‍ ആയിരുന്നെന്നനും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി. ചുവന്ന തുകല്‍ പന്തില്‍ കളിക്കുന്ന അത്ര എളുപ്പമല്ല വെള്ള പന്തില്‍ കളിക്കുമ്പോള്‍, മികച്ച സ്വിംഗ് വെള്ളപ്പന്തില്‍ സൃഷ്ടിക്കാന്‍ നല്ല പരിശീലനം വേണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല സന്നാഹ മല്‍സരങ്ങളുടെ ദൈര്‍ഘ്യവും ഇന്ത്യന്‍ താരങ്ങള്‍ വെട്ടിക്കുറച്ചെന്നും ഗവാസ്‌കര്‍ ആരോപിച്ചു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ വേഗതയേറിയ പന്തുകള്‍ കളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ആദ്യ ടെസ്റ്റോടെ തന്നെ വ്യക്തമായി. മതിയായ പരിശീലനം നടത്തിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്നും മുന്‍ നായകന്‍ പറയുന്നു.

ഒരു പരമ്പര കഴിയുമ്പോള്‍ മറ്റൊരു ഫോര്‍മാറ്റിലേക്കു മാറുന്നതിനു മുന്‍പു വിശ്രമം വേണമെന്നത് മനസിലാകും എന്നാല്‍ അതിന് അഞ്ച് ദിവസത്തെ ഇടവേള എടുക്കുകയെന്നത് മോശം കാര്യമാണെന്നും പരിശീലന മത്സരങ്ങളെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കമായിത്തന്നെ കാണണ്ട താരങ്ങള്‍ പരിശീലന മത്സരം വെട്ടിച്ചുരുക്കിയത് ശരിയായില്ലെന്നും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

Top