നിയമങ്ങള്‍ പാലിക്കാനുള്ളതാണ്, അത് എല്ലാവര്‍ക്കും ബാധകം; സുനില്‍ ഗവാസ്‌കര്‍

ലോകകപ്പില്‍ സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചതിന് എം.എസ് ധോണിയെ വിലക്കിയ ഐസിസിയുടെ നിലപാട് എല്ലാവര്‍ക്കും ബാധകമാണെന്ന് സുനില്‍ ഗവാസ്‌കര്‍. നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. ഐസിസിയ്ക്ക് നിയമങ്ങളുണ്ട്, അത് എല്ലാവരും പാലിക്കേണ്ടാതാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

2014ല്‍ ഫ്രീ പലസ്തീന്‍ റിസ്റ്റ് ബാന്‍ഡുകള്‍ ധരിച്ച് ഇന്ത്യയ്‌ക്കെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ കളിച്ച മോയിന്‍ അലിയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പിഴ ചുമത്തിയിരുന്നു.

പിന്നീട് മത്സരത്തില്‍ നിയമത്തിന് വിപരീതമായ ഒന്നും ധരിക്കരുതെന്ന് ഐസിസി താരത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സമാനമായ സാഹചര്യമാണിതെന്നും ധോണിയെ ഇത്തരത്തില്‍ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഇത്തരത്തില്‍ നിയമത്തിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗ്ലൗസ് വിവാദത്തില്‍ ധോണിയെ പിന്തുണച്ച് ബി.സി.സി.ഐ രംഗത്ത് വന്നിരുന്നു. മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളല്ല ധോണി ധരിച്ചത്. അതു ഒരു രാജ്യത്തിന്റെ അഭിമാനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് പറഞ്ഞിരുന്നു.

Top