ഇന്ത്യൻ ടീമിനെയും നായകനെയും പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും ആധികാരിക പ്രകടനം നടത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ 3-1നായിരുന്നു ഇന്ത്യയുടെ ടി20 പരമ്പര 3-2നും ഏകദിനം 2-1നും കോലിപ്പട സ്വന്തമാക്കി. തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ നേടുന്നത്.

നേരത്തെ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ 2-1 പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും ഇപ്പോല്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ സംഘമാണെന്ന് മുന്‍ ക്യാപ്റ്റന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍.. ”വിദേശത്തും സ്വദേശത്തും ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ടീമിനുണ്ട്. പ്രമുഖ താരങ്ങളില്ലാതെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാട്ടിലും വിജയിച്ച് മികവ് തെളിയിച്ചു.” ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റിലെ പുതിയ നിയമങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോഴത്തെ നിയമങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ”ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് ഇപ്പോഴത്തെ കളിനിയമങ്ങള്‍. ബൗളമാരുടെ പ്രധാന ആയുധമായ ബൗണ്‍സറിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലായിരുന്നു.” അദ്ദേഹം വ്യകമാക്കി. വിരാട് കോലി ആര്‍സിബിയെ ആദ്യ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. കോലിയുടെ ഫോം ആര്‍സിബിയുടെ താരങ്ങളെ പ്രചോദിപ്പിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

 

Top