അധികം വൈകാതെ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി കളിക്കും; സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ സെഞ്ചുറിക്ക് പിന്നാലെ മലയാളി യുവ താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അധികം വൈകാതെ പടിക്കല്‍ ഇന്ത്യക്കായി കളിക്കുന്നത് കാണാനാകുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യക്കായി ഏതെങ്കിലും ഫോര്‍മാറ്റില്‍ അധികം താമസിയാതെ തന്നെ പടിക്കല്‍ ബാറ്റിംഗിനിറങ്ങുന്നത് കണ്ടാല്‍ അത്ഭുതപ്പെടാനില്ല. കാരണം അതിനുള്ള ക്ലാസും പ്രതിഭയും പടിക്കലിനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള കളിക്കാരനാണ് അദ്ദേഹം.

ഏകദിന ക്രിക്കറ്റിലും ഒട്ടേറെ സെഞ്ചുറികള്‍ അദ്ദേഹം അടിച്ചുകൂട്ടി. ഇപ്പോഴിതാ ടി20യിലും അതാവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ അധികം വൈകാതെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടാല്‍ ഞാനൊരിക്കലും അത്ഭുതപ്പെടില്ല-ഗവാസ്‌കര്‍ പറഞ്ഞു.

കര്‍ണാടകയ്ക്ക് എല്ലാക്കാലത്തും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയുണ്ടായിട്ടുണ്ട്. ഗുണ്ടപ്പ വിശ്വനാഥും രാഹുല്‍ ദ്രാവിഡും സമീപകാലത്ത് കെ എ രാഹുലും മായങ്ക് അഗര്‍വാളും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള കരുണ്‍ നായരുമെല്ലാം ആ നിരയിലുള്ളവരാണ്.

മായങ്കും രാഹുലും കരുണ്‍ നായരും എല്ലാം ചേരുമ്പോള്‍ കര്‍ണാടകയുടെ ബാറ്റിംഗ് കരുത്ത് മറ്റൊരു തലത്തിലേക്ക് ഉയരും. ആ നിരയിലേക്കാണ് പടിക്കലിന്റെ കൂടി കടന്നുവരവ്. ഇത് ഇന്ത്യന്‍ ആരാധകരെ ശരിക്കും സന്തോഷിപ്പിക്കുന്ന കാര്യമാണിതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ഇന്നലെ രാജസഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയെ ഗവാസ്‌കര്‍ വിമര്‍ശിച്ചിരുന്നു. സ്ഥിരതയില്ലാത്തതുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കാണാത്തതെന്നും ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു.

 

Top