ദൈവം നല്‍കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്ന് സുനില്‍ ഗാവസ്‌കര്‍

ദുബായ്: ദൈവം കനിഞ്ഞു നല്‍കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്ന് സുനില്‍ ഗാവസ്‌കര്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സര ശേഷമാണ് സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്‌കറിന്റെ പ്രതികരണം വന്നത്. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഞ്ജു സ്‌കോറിങ്ങില്‍ സ്ഥിരത കണ്ടെത്തിയേ മതിയാകൂ. അതിന് ആദ്യം ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തണം-ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

2015ല്‍ അരങ്ങേറ്റം കുറിച്ചിട്ടും ഏകദിനത്തിലും ടി ട്വന്റിയിലും വല്ലപ്പോഴും കളിച്ചത് മാത്രമാണ് കരിയറിലുള്ളത്. ഐ.പി.എലില്‍ വമ്പന്‍ സ്‌കോര്‍ നേടിയിട്ടുണ്ടെങ്കിലും അത് വല്ലപ്പോഴും ഒരു ഇന്നിങ്‌സ് മാത്രമായി ചുരുങ്ങി. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ പിഴവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ത്വര ചുരുക്കണം. അല്ലാത്ത പക്ഷം ദൈവം നല്‍കിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിര്‍ണയിക്കുക. കുട്ടികളേയും പാകം വന്ന കളിക്കാരനും വ്യത്യസ്തമാക്കുന്നത് അതാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷോട്ട് സെലക്ഷന്‍ വളരെ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം ഇടം കിട്ടാന്‍ സഞ്ജുവിനെ സഹായിക്കും-ഗാവസ്‌കര്‍ പറഞ്ഞു.

സഞ്ജുവിന് പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവെക്കാനാകാത്തത് ഷോട്ട് സെലക്ഷനിലെ പിഴവ് മൂലമാണ്. രാജ്യാന്തര തലത്തില്‍ പോലും ഓപ്പണറായി കളിക്കുന്നില്ല. രണ്ടാം നമ്പറിലോ മൂന്നാം നമ്പറിലോ ആണ് കളിക്കുന്നത്. അപ്പോഴും ക്രീസിലെത്തി ആദ്യ പന്ത് തന്നെ ഗ്രൗണ്ടിന് പുറത്തേക്ക് പായിക്കാനാണ് ശ്രമം. അത് അസാധ്യമാണ്. ഫോമിന്റെ ഉച്ഛസ്ഥായിലുള്ളപ്പോള്‍ പോലും അത് ഏറക്കുറേ അസാധ്യമായ കാര്യമാണ്. സിംഗിള്‍ എടുത്ത് തുടങ്ങി രണ്ട് മൂന്നും റണ്‍സ് ഓടിയെടുത്ത് താളം കണ്ടെത്തിയ ശേഷം വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണ് നല്ലത്.

ഷോട്ട് സെലക്ഷനില്‍ സഞ്ജു കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അങ്ങനെ ചെയ്താല്‍ മാത്രമേ മെച്ചപ്പെടൂ. വ്യത്യസ്തനായ ഉയര്‍ന്ന നിലവാരമുള്ള ബാറ്റ്‌സ്മാനാകാന്‍ സഞ്ജുവിന് ഇതുവഴി കഴിയും-ഗാവസ്‌കര്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് കളിവിശകലനത്തില്‍ പറഞ്ഞു.

 

Top