കോലിയും രോഹിത്തും ഇനി ടി20 കളിക്കുമോ? വിശദീകരണവുമായി ഗവാസ്‌കര്‍

ഹൈദരാബാദ്: സീനിയര്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഇനി ടി20 ടീമിലേക്ക് പരഗണിക്കില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിലേക്ക് ഇരുവരേയും പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ഇരുവരും തഴയപ്പെട്ടു. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക തീരുമാനമൊന്നും പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ കുട്ടിക്രിക്കറ്റില്‍ ഇരുവരുടേയും ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ഗവാസ്‌കര്‍ വിശദീകരിക്കുന്നതിങ്ങനെ… ”ഇനി 2024ലാണ് ടി20 ലോകകപ്പുള്ളത്. പുതിയ സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാണാനാണ് ശ്രമിക്കുന്നത്. അതിനിര്‍ത്ഥം കോലിയും രോഹിത്തും ഇനിയൊരിക്കലും ടി20 ടീമിലേക്ക് പരിഗണിക്കപ്പെടില്ല എന്നല്ല. 2023ല്‍ ഉടനീളം മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുക്കുന്നതെങ്കില്‍ അവരെ ഒഴിവാക്കാന്‍ കഴിയില്ല. മാറ്റിനിര്‍ത്താനുള്ള മറ്റൊരു പ്രധാന കാരണം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയാണ്. ഇരുവര്‍ക്കും ആവശ്യമായ വിശ്രമം അനുവദിക്കുകയെന്ന ചിന്ത ബിസിസിഐക്കുണ്ടാവും. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര നന്നായി തുടങ്ങാന്‍ വേണ്ടിയാണിത്.” ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യക്ക് ഈ വര്‍ഷം രണ്ട് ടി20 പരമ്പരകള്‍ മാത്രമാണുള്ളത്. ആദ്യത്തേത് ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിരിക്കും. പിന്നീട് ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന മറ്റൊരു പരമ്പരയും. വയസ് കൂടി പരഗണിച്ച് ഇരുവര്‍ക്കും ടി20 ഫോര്‍മാറ്റില്‍ അവസരം നല്‍കുമോയെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

ന്യൂസിലന്‍ഡിന് എതിരായ ട്വ20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

Top