ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സ് ടെസ്റ്റ് കഴിഞ്ഞ സ്ഥിതിക്ക് ടീം ലണ്ടന്‍ വിടണമെന്നും അടുത്ത ടെസ്റ്റ് നടക്കുന്ന നോട്ടിങ്ഹാമില്‍ നേരത്തേ എത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കൊഹ്‌ലിയും സംഘവും ലണ്ടനില്‍ തുടരുന്നതിനെയാണ് പ്രധാനമായും അദ്ദേഹം ചോദ്യം ചെയ്തത്.

‘ടീം ലണ്ടന്‍ വിട്ട് എത്രയും പെട്ടെന്ന് പരിശീലനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഏകദിന പരമ്പരയുടെ തുടക്കം മുതല്‍ നമ്മള്‍ കാണുന്നത് പോലെ അവര്‍ ലണ്ടനുമായി പ്രണയത്തിലാണ്. ചൊവ്വാഴ്ച മുതല്‍ അവര്‍ പരിശീലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെറ്റ് പ്രാക്ടീസ് മാത്രമല്ല, പരിശീലന മത്സരങ്ങളും കളിക്കണം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീം പരാജയപ്പെട്ടപ്പോള്‍ ജനുവരി മുതല്‍ ഞാന്‍ ഇത് പറയുന്നുണ്ട്’ അദ്ദേഹം പ്രതികരിച്ചു.

സച്ചിന്‍ ഉള്‍പ്പെട്ട മുന്‍നിര താരങ്ങളെല്ലാം ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരാണ് വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. കൂടാതെ ഒരിക്കല്‍ പോലും പൊരുതാന്‍ തയ്യാറാവാതെ ഇന്ത്യ തോല്‍വി സമ്മതിച്ചെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ടീമിനെ വിമര്‍ശിച്ചു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വിയെങ്കില്‍ രണ്ടാമത്തെ ടെസ്‌ററില്‍ അത് 159 റണ്‍സിനായിരുന്നു. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top