ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച ബാറ്റ്സ്മാന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ കളിക്കാരെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ ഉഴലുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായതെന്ന് ഗാവസ്‌കര്‍ വിലയിരുത്തി.

ക്ഷമാപൂര്‍വം ബാറ്റ് ചെയ്യേണ്ടിയിരുന്ന ആദ്യ സെഷനില്‍ ഇന്ത്യ അതിന് താത്പര്യം കാട്ടിയില്ല. ഓഫ് സ്റ്റംപിന് പുറത്തുകൂടി പോകുന്ന പന്തുകളിലാണ് കളിക്കാര്‍ പുറത്തായത്. ഒഴിവാക്കി വിടാമായിരുന്ന പന്തുകളിലാണ് പുറത്താകല്‍. കെഎല്‍ രാഹുല്‍ ഒഴികെ മറ്റുള്ളവര്‍ പുറത്തായതിന് ന്യായീകരണമില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.

വലിയ ടോട്ടല്‍ പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം കളിക്കാര്‍ക്കുണ്ട്. പുതുമുഖ താരങ്ങളായിരുന്നെങ്കില്‍ നമുക്ക് മനസിലാക്കാം. എന്നാല്‍, പരിചയസമ്പന്നരായ കളിക്കാരാണ് ഇത്തരത്തില്‍ മോശം ഷോട്ടുകള്‍ കളിക്കുന്നതെന്നോര്‍ക്കണം.

ആദ്യ സെഷനില്‍തന്നെ ആക്രമിച്ച് കളിക്കാനുള്ള തീരുമാനം അങ്ങേയറ്റം തെറ്റായതാണെന്നും അദ്ദേഹം പറഞ്ഞു. പൂജാരയുടെ ബാറ്റിങ് അങ്ങേയറ്റം ക്ഷമയോടുകൂടിയതായിരുന്നെന്നും തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും ഗാവസ്‌കര്‍ വിമര്‍ശിച്ചു.

Top