രഹാനെയെ ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐക്കെതിരേ സുനില്‍ ഗവാസ്‌കര്‍

മുംബൈ: വലംകൈയന്‍ ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്താത്ത ബിസിസിഐക്കെതിരേ സുനില്‍ ഗവാസ്‌കര്‍.

നാല് അര്‍ധസെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയ കളിക്കാരനെ ഒഴിവാക്കുന്നത് ഏതു നിബന്ധനയുടെ അടിസ്ഥാനത്തിലാണെന്നു ഗവാസ്‌കര്‍ ചോദിച്ചു.

കെ.എല്‍.രാഹുല്‍ മികച്ച കളിക്കാരനാണ്. പക്ഷേ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നാല് ഏകദിന അര്‍ധസെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയ രഹാനെ എന്തുകൊണ്ടാണു പുറത്തുപോയത്- ഗവാസ്‌കര്‍ ചോദിക്കുന്നു.

ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനു പകരക്കാരനായി ടീമിലെത്തിയ രഹാനെ അഞ്ചു മത്സരങ്ങളില്‍ നാലിലും അര്‍ധ സെഞ്ചുറി നേടി.

നേരത്തെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസാകാന്‍ രഹാനെക്കു കഴിഞ്ഞു. ഇതിനുശേഷവും ടീമില്‍ സ്ഥിരമായ ഇടംകണ്ടെത്താന്‍ രഹാനെയ്ക്കു കഴിഞ്ഞില്ല.

Top