‘ഗ്രൗണ്ടില്‍ തീരണമായിരുന്നു’; വിദ്വേഷികള്‍ക്കെതിരെ വൈകാരിക കുറിപ്പുമായി ഛേത്രിയുടെ ഭാര്യ സോനം

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കായി കളിക്കുന്ന സുനില്‍ ചേത്രിക്കെതിരായ അധിക്ഷേപം ഇതുവരെ അവസാനിച്ചിട്ടില്ല. മുംബൈ സിറ്റിക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടയിലും ഒരുകൂട്ടം ആരാധകര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. മത്സരത്തിനിടെ താരത്തിനെതിരെ ‘ഗോ ബാക്ക്’ വിളികളുണ്ടായിരുന്നു. ഇന്ത്യയുടെ ഇതിഹാസത്തിനെതിരെ ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. ചേത്രിയെ പിന്തുണച്ച് മുന്‍ ബംഗളൂരു എഫ്‌സി കോച്ച് ആര്‍ബെര്‍ട്ട് റോക്ക ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചെര്‍ജിയും വിദ്വേഷികള്‍ക്കെതിരെ തിരിയുകയാണ്. അവരുടെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റ് ഇങ്ങനെ.. ”സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന വെറുപ്പും വിദ്വേഷവും നിരാശയും എല്ലാം നിങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിനിടയിലും എങ്ങനെയാണ് സ്‌നേഹവും ദയയും ഇല്ലാതാവുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അസഭ്യവര്‍ഷം നടത്തുന്നതിലൂടെയെല്ലാം നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങള്‍ ലക്ഷ്യം നിറവേറ്റിയെന്ന് ഞാന്‍ കരുതുന്നു. പകയും വിദ്വേഷവുമെല്ലാം ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ തന്നെ തീരണം. കേരളം മനോഹരമാണ്. അവിടത്തെ ജനങ്ങള്‍ സ്‌നേഹത്തോടെ മാത്രമെ സ്വീകരിച്ചിട്ടുള്ളൂ. കുറച്ചുപേര്‍ വെറുപ്പ് സമ്പാദിക്കുന്നുണ്ടെങ്കിലും എന്റെ കാഴ്ച്ചപാട് മാറില്ല.” അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്‌സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരെ മുംബൈ സിറ്റി ആരാധകര്‍ മുദ്രാവാക്യം വിളികളും അസഭ്യവര്‍ഷവും നടത്തിയിരുന്നു. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും.

Top