ഏഷ്യാ കപ്പ്: ചരിത്ര വിജയം ആഘോഷമാക്കി ഛേത്രിയും ടീമും; വീഡിയോ വൈറല്‍

അബുദാബി: ക്രിക്കറ്റിലും ഫുട്‌ബോളിലും ഇന്ത്യന്‍ താരങ്ങളുടെ ആഘോഷ ദിവസമാണ് ഇന്ന്. 71വര്‍ഷത്തിന് ശേഷം സിഡ്‌നിയില്‍ വിജയം നേടിയതിന്റെ ആഘോഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ തകര്‍ക്കുമ്പോള്‍ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നേടിയ ഫുട്‌ബോള്‍ വിജയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും തകര്‍ത്താഘോഷിക്കുകയാണ്. എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തിയ ശേഷം സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ് അവിടെ ആഘോഷം നടക്കുന്നത്.


വിജയ നേട്ടം മാത്രമല്ല ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് ലോകഫുട്‌ബോളില്‍ രണ്ടാം സ്ഥാനം ഛേത്രി കൈയ്യടക്കിയതിന്റെ ആഘോഷവും അബുദാബിയില്‍ നടക്കുകയാണ്. കളിയില്‍ നേടിയ ഇരട്ട ഗോളോടെയാണ് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായത്. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.

കളി വിജയിച്ചതിന് ശേഷം ഇന്ത്യന്‍ ടീം നടത്തുന്ന സന്തോഷ നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചേത്രിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഇന്ത്യന്‍ മാച്ചുകളില്‍ സാധാരണ കണ്ടുവരുന്ന തണ്ടര്‍ക്ലാപ്പിലൂടെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ജനങ്ങളുടെ ആവേശത്തെ മാനിച്ച് ടീമിലെ മറ്റ് അംഗങ്ങളുടെ കൂടെ അവസാനം വരേയും ചേത്രി തണ്ടര്‍ക്ലാപ്പ് ചെയ്തു.

Top