ഇന്ത്യൻ സൂപ്പർ ലീഗിലെ ഓൾ ടൈം ടോപ് സ്കോറർ ആകാൻ ഛേത്രി; ഇനി 2 ഗോൾ കൂടി

നി 2 ഗോൾ കൂടി മതി. സുനിൽ ഛേത്രിക്ക് മറ്റൊരു റെക്കോർഡ് കൂടിയാകും. 19ന് ഗോവയിൽ ആരംഭിക്കുന്ന ഐഎസ്എൽ എട്ടാം എഡിഷനിൽ ഇന്ത്യൻ നായകനിൽനിന്ന് ഇതാകാം കളിപ്രേമികൾ പ്രതീക്ഷിക്കുന്നത്. നിലവിൽ 47 ഗോൾ. 48 ഗോളുമായി തൊട്ടുമുന്നിൽ സ്പാനിഷ് താരമായ ഫെറാൻ കോറോമിനാസ് ടെലച്ച എന്ന കോറോയാണ്. പതിവുപോലെ ബെംഗളൂരു എഫ്സിയുടെ നായകനായി ഇന്ത്യൻ നായകൻ കളത്തിലിറങ്ങും. 37 –ാം വയസ്സിലും ഗോളടിക്കു കുറവില്ലെന്നു തെളിയിച്ച ഛേത്രി ഐഎസ്എലിനു ബൂട്ടുകെട്ടുക സമീപഭാവിയിലെ രണ്ട് ചരിത്രനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാകും.

ഒന്ന് – സാക്ഷാൽ‌ പെലെയെ മറികടന്നത്. പെലെയുടെ 77നു മേൽ ഛേത്രിയുടെ 80 ഗോൾ കടന്നുനിൽക്കുന്നു. രണ്ട് – സജീവ ഫുട്ബോളിലെ ഗോൾനേട്ടത്തിൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനം അലങ്കരിക്കുന്നുവെന്നതും. ഇരുവർക്കും മുകളിൽ ഇനിയുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം (115) ഗോൾ.

സ്പെയിനിലെ അത്​ലറ്റികോ ബലീറസിൽ കളിക്കുന്ന കോറോ ഇത്തവണ ഇന്ത്യയിൽ ഇല്ലെങ്കിലും നിലവിലെ ആദ്യ 6 സ്ഥാനക്കാരിൽ 3 പേരും ഇത്തവണയും കളത്തിലുണ്ട്. ഛേത്രിക്കുപുറമെ മൂന്നാം സ്ഥാനക്കാരൻ ബർത്തലേമ്യോ ഒഗ്ബച്ചെയും അഞ്ചാം സ്ഥാനക്കാരൻ റോയ് കൃഷ്ണയും. 2017–2020 സീസൺ ഗോവയ്ക്കായി കളിച്ച കോറോ 57 കളിയിൽനിന്നാണ് ഇത്രയും ഗോളടിച്ചത്. ഛേത്രി 94 കളിയിൽനിന്നും.

Top