ഏഷ്യന്‍ കപ്പില്‍ മറ്റൊരു ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി സുനില്‍ ഛേത്രി

Sunil Chhetri

എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ മുന്‍ നായകന്‍ ബൂട്ടിയായുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഈ മത്സരത്തോടെ ഛേത്രിക്ക് സാധിക്കും. കരിയറില്‍ ഇത് 107ാം തവണയാണ് ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നത്. ചരിത്രനേട്ടത്തിനൊപ്പം വിജയത്തോടെ പ്രീക്വാര്‍ട്ടറിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരമിപ്പോള്‍.

ഏഷ്യന്‍ കപ്പില്‍ തായ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍വേട്ടയില്‍ സുനില്‍ ഛേത്രി നേരത്തെ സാക്ഷാല്‍ ലയണല്‍ മെസ്സിയെ മറി കടന്നിരുന്നു. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയിലാണ് ഛേത്രി മെസ്സിയെ മറി കടന്നത്. 65 ഗോളുകളാണ് മെസ്സി അര്‍ജന്റീനയ്ക്കായി നേടിയിരിക്കുന്നത്. സുനില്‍ ഛേതിയ്ക്ക് 67 ഗോളുകളുണ്ട്.

തായ്‌ലന്‍ഡിനെതിരെ നേടിയ വിജയത്തിന് ശേഷം യുഎഇയുമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി ഏഷ്യന്‍ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പ ഇന്ത്യക്ക് മുന്നിലുണ്ട്. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യംവെച്ച് ഇനി ബഹ്‌റൈനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. 1964ല്‍ ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നുവെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ കപ്പ് പോരാട്ടത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. 2015 ല്‍ നടന്ന ഏഷ്യ കപ്പില്‍ ഇന്ത്യ മത്സരിച്ചിരുന്നില്ല. ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ ഏഷ്യ കപ്പില്‍ ബൂട്ടണിഞ്ഞത്, 1964, 1984, 2011. 1964ല്‍ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 1984ലും 2011ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

നടക്കാന്‍ പോകുന്ന കളിയില്‍ ബഹ്‌റൈനോട് ജയിക്കാനായാല്‍ ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാം. സമനിലയാണെങ്കില്‍ യുഎഇതായ്‌ലന്‍ഡ് മത്സരഫലവും നിര്‍ണായകമാകും.

Top