തരൂര്‍- മെഹര്‍ തരാര്‍ ബന്ധം സുനന്ദയെ മാനസികമായി തളര്‍ത്തിയെന്ന് പൊലീസ്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവുമാണ് സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഡല്‍ഹി പോലീസ്. ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

മാനസിക പീഡനവും പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുന്ദപുപഷ്‌കറിന്റെ മാനസികമായി തളത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമാണ് അവരുടെ ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നതിന് തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ് നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സുനന്ദ പുഷ്‌കറും നളിനി സിങുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശാദാംശങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. വളരെ വികാരഭരിതയായിട്ടാണ് സുനന്ദ തന്നോട് ശശി തരൂരും മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞതെന്നും തരൂരിനോടും തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു സുനന്ദയുടെ ആവശ്യം. തരൂരും മെഹര്‍ തരാരും തമ്മില്‍ കൈമാറിയ ചില സന്ദേശങ്ങളും സുനന്ദയ്ക്ക് ലഭിച്ചിരുന്നു. തരൂര്‍-സുനന്ദ ദാമ്പത്യജീവിതം വളരെമോശമായ അവസ്ഥയിലായിരുന്നു- നളിനി സിങ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇ-മെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തരൂര്‍ മെഹര്‍ തരാറിനയച്ച സന്ദേശങ്ങളില്‍ ഏറെ പ്രിയപ്പെട്ടവളെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ അഭിസംബോധന ചെയ്തതിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ മരണത്തിനു കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റ 15 പാടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനെ പൊലീസ് അറിയിച്ചു.കേസില്‍ ഇനി ഓഗസ്റ്റ് 31-നും വാദം തുടരും.

Top