ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താത്കാലികമായി മാറ്റിവച്ചു

മുംബൈ: എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താത്കാലികമായി മാറ്റിവച്ചു. വരുന്ന ബുധനാഴ്ച്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്തുവാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അടച്ചിടാനായിരുന്നു തീരുമാനം. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലാണ് ഈ ഞായാറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ പ്രഖ്യാപിച്ചിരുന്നത്.

ലാഭവിഹിതം വര്‍ധിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പെട്രോള്‍ പമ്പുടമകള്‍ അനിശ്ചികാല സമരമാരംഭിക്കാനിരിക്കേയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചത്.

എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് വഞ്ചനാദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.

Top