സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റ് കുടുംബം

ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ കുടുംബ വീട് വിറ്റു. സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠന്‍ സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയതായാണ് റിപ്പോർട്ട്. അശോക് നഗറിൽ സ്ഥിതിചെയ്യുന്ന വീട്ടിലാണ് സുന്ദർ പിച്ചൈ തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചത്. തമിഴ്‌നാട്ടിലെ മധുരയിൽ സ്റ്റെനോഗ്രാഫറായ ലക്ഷ്മിയുടെയും ഇലക്‌ട്രിക്കൽ എഞ്ചിനീയറായ രഘുനാഥ പിച്ചൈയുടെയും മകനായി ജനിച്ച സുന്ദർ പിച്ചൈ സ്കൂൾ 20 വയസുവരെ താമസിച്ചയിടമാണ് ഇത്.

സുന്ദര്‍ പിച്ചൈയുടെ പിതാവ് രഘുനാഥ പിച്ചൈയാണ് വീട് വിറ്റത്. വസ്തു ഗൂഗിൾ മേധാവിയുടെ മാതാപിതാക്കളുടേതാണെന്ന് അറിഞ്ഞതോടെയാണ് ഉടൻ വാങ്ങാൻ തീരുമാനിച്ചതെന്ന് മണികണ്ഠൻ പറഞ്ഞു. സുന്ദർ പിച്ചൈ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയെന്നും അദ്ദേഹം താമസിച്ചിരുന്ന വീട് വാങ്ങിയത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വസ്തു വാങ്ങാൻ എത്തിയ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സുന്ദര്‍ പിച്ചൈയുടെ പിതാവ് തനിക്ക് വീടിന്റെ രേഖകളെല്ലാം കാണിച്ചു തന്നെന്നും വളരെ വിനയപൂർവമാണ് മാതാപിതാക്കൾ പെരുമാറിയതെന്നും മണികണ്ഠൻ പറഞ്ഞു. സുന്ദർ പിച്ചൈയുടെ ‘അമ്മ തനിക്ക് കാപ്പിയുണ്ടാക്കി തന്നതായും അദ്ദേഹം പറഞ്ഞു.

ഇടപാടുകൾ വേഗത്തിൽ നടത്താനും രേഖകൾ ലഭ്യമാക്കാനും മകന്റെ പേര് ഉപയോഗിക്കാത്ത പിച്ചൈയുടെ മാതാപിതാക്കൾ തന്നെ അത്ഭുദപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സുന്ദർ പിച്ചൈയുടെ അച്ഛൻ രജിസ്ട്രേഷൻ ഓഫീസിൽ മണിക്കൂറുകളോളം ഇടപാട് നടത്തുന്നതിനായി കാത്തിരുന്നുവെന്നും രേഖകൾ കൈമാറിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നതായും മണികണ്ഠൻ പറഞ്ഞു.

സുന്ദര്പി ച്ചൈയുടെ പിതാവ് യുഎസിലായിരുന്നതിനാൽ ഇടപാടിന് നാല് മാസമെടുത്തു. 2021 ഒക്ടോബറിൽ വന വാണി സ്‌കൂളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് സുന്ദര് പിച്ചൈ അവസാനമായി ചെന്നൈ സന്ദർശിച്ചത്.

Top