സുന്ദര്‍ സിയുടെ ‘സംഗമിത്ര’ ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

sangamithra

ചെന്നൈ: കോളിവുഡ് സംവിധായകന്‍ സുന്ദര്‍ സിയുടെ ബിഗ് ബജറ്റ് ചിത്രം സംഗമിത്ര ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

ജയം രവി, ആര്യ, ദിഷ പട്ടാണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംഗമിത്ര മറ്റൊരു കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. ചിത്രത്തില്‍ ആദ്യം നായികയായി തിരഞ്ഞെടുത്തത് ശ്രുതി ഹാസനെയായിരുന്നു. എന്നാല്‍, താരത്തിന്റെ തീയ്യതിയുടെ പ്രശ്‌നം കാരണം അത് ദിഷയിലേക്ക് എത്തുകയായിരുന്നു.

കോളിവുഡിലെ കലകലപ്പ് 2 എന്ന കോമഡി ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് സംഗമിത്ര എന്ന തന്റെ ഡ്രീം പ്രൊജക്ടിനെ കുറിച്ച് സുന്ദര്‍ സി പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു അനൗണ്‍സ്‌മെന്റ്. തുടര്‍ന്ന് 2017 കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു.

ശ്രീ തേനന്റല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് നിര്‍മിക്കുക. എ ഡി 8ാം നൂറ്റാണ്ടിന്റെ കഥയാണ് സംഗമിത്രയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Top