സുനന്ദ പുഷ്‌ക്കറിന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

sunanda

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പൊലീസ് ഇന്ന് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

സിബിഐയിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കി ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനായ സുബ്രഹ്മണ്യന്‍സ്വാമിയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ ദില്ലി കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം മുറി തുറന്നുകൊടുക്കാനാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടത്.

ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി സീല്‍ ചെയ്തിരിക്കുകയാണ്. ഇതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി 17നാണ് പൊലീസ് മുറി പൂട്ടി സീല്‍ ചെയ്തത്.

Top