Sunanda Pushkar murder case: Shashi Tharoor questioned for 5 hours by Delhi police

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ വൈകുന്നേരം 5 മണിക്കൂറോളമാണ് തരൂരിനെ ചോദ്യം ചെയ്തത്.

അമിതമായ മരുന്നുപയോഗമാണ് സുനന്ദയുടെ മരണകാരണമെന്നും എന്തെങ്കിലും അസ്വാഭാവികത ഉള്ളതായി സംശയിക്കുന്നില്ലെന്നും ശശി തരൂര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും മാരകമായ വിഷാംശം ഉള്ളില്‍ചെന്നതാണ് മരണകാരണമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി നേരത്തേ പറഞ്ഞിരുന്നു.

സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യയാണെന്നും ആത്മഹത്യക്ക് തരൂരോ സഹായികളോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്തതെന്നാണ് സൂചന.

സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ അല്‍പ്രാക്‌സ് അമിതമായ അളവില്‍ കഴിച്ചാണ് സുനന്ദ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. അല്‍പ്രാക്‌സ് ഗുളികകളുടെ ഉറവിടം പൊലീസ് തരൂരിനോടു ചോദിച്ചതായാണ് സൂചന.

മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയുമായി ഉണ്ടായി എന്നു പറയപ്പെടുന്ന വഴക്കിനെ കുറിച്ചും സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ചും പൊലീസ് ചോദ്യം ചെയ്തുവെന്നും സൂചനയുണ്ട്.

അതിനിടെ തരൂരിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന സൂചനകളും അണ്ടായിരുന്നു. ഈമാസം 28ഓടു കൂടി പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

2014 ജനുവരിയിലാണ് ന്യൂഡല്‍ഹിയിലെ ഫൈവ് സ്‌റാല്‍ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top