ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച എയിംസ് റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗ വിവരം സംബന്ധിച്ചു തരൂര്‍ നല്‍കിയതു തെറ്റായ വിവരമാണെന്നാണ് എയിംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോക്ടര്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുനന്ദ പുഷ്‌കറിന്റെ ആന്തരാവയവങ്ങള്‍ പരിശോധിച്ച എഫ്ബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എയിംസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതു ഡല്‍ഹി പൊലീസിന് എയിംസ് കൈമാറി. ഇതിലാണ് ശശി തരൂരിനെതിരെ പരാമര്‍ശമുള്ളത്.
സുനന്ദയുടെ രോഗവിവരം സംബന്ധിച്ച ചില വസ്തുതകള്‍ ശശി തരൂരും സുഹൃത്തും മറച്ചുവച്ചുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷാംശം ഉള്ളില്‍ച്ചെന്നാണെന്ന എഫ്ബിഐ റിപ്പോര്‍ട്ട് എയിംസ് വിശകലനം ചെയ്തു.
ആല്‍പ്രാക്‌സ് മരുന്ന് അധികമായി ഉള്ളില്‍ച്ചെന്നാണു സുനന്ദ മരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആല്‍പ്രാക്‌സ് മരുന്ന് അമിതമായി കഴിക്കുകയും അതു വിഷമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നാണു നിഗമനം. ഇപ്പോള്‍ കേസ് സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
സുനന്ദ മരുന്ന് കഴിച്ചത് സ്വയമായോ അതോ നിര്‍ബന്ധിച്ച് ആരെങ്കിലും കഴിപ്പിച്ചതാണോ എന്നാണു പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. തരൂരിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളെക്കുറിച്ചു പൊലീസ് ആലോചിക്കുന്നുണ്ട്.


