എന്നാലും അർണാബേ . . ‘ചതിച്ചല്ലോടോ താൻ’ മോദിയെയും ഞെട്ടിച്ച് . . . .

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെയും ഡല്‍ഹി പൊലീസിനെയും വെട്ടിലാക്കി റിപ്പബ്ലിക് ടിവി രംഗത്ത്.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ലീലാ ഹോട്ടലിലെ മുറിയുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ട് ചാനലിന്റെ പക്കല്‍.

മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ഭാര്യയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹി പൊലീസ് എന്ത് കൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് ഈ വെളിപ്പെടുത്തലോടെ ഇപ്പോള്‍ പുറത്തു വരുന്നത്.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്നത് 307-ാം മുറിയില്‍ ആണോ 345-ല്‍ ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.

എന്നാല്‍ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ ശശി തരൂരിന്റെ വിശ്വസ്തനായ നാരായണന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. ഈ വെളിപ്പെടുത്തലുകള്‍ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

സുനന്ദ പുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും, വിശ്വസ്തന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

2014 ജനുവരി 17നാണ് സുനന്ദപുഷ്‌കറെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് ചാനല്‍ പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് നടപടി അനിവാര്യമാക്കുന്നതാണ്.

പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന ആക്ഷേപത്തിന് ഡല്‍ഹി പൊലീസിന്റെ നിയന്ത്രണമുള്ള കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.

വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് റിപ്പബ്ലിക്കന്‍ ടിവിയുടെ തലവനായ അര്‍ണാബ്. ശശി തരൂരിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് വെളിപ്പെടുത്തലോടെ ഉണ്ടായിരിക്കുന്നത്.

Top