സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കേണ്ടന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.

സുനന്ദ കേസ് അന്വേഷിക്കാന്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം കോടതിയുടെ നിരീക്ഷണത്തിലാകണം. ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഡല്‍ഹി പൊലീസ് എന്നിവയുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിനു സിബിഐ നേതൃത്വം നല്‍കണം എന്നിവയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യങ്ങള്‍.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നീതിനിര്‍വഹണം വൈകുന്നുവെന്നതിനു തെളിവാണ് ഈ കേസെന്നും പണവും സ്വാധീനവുമുള്ളവര്‍ക്കു അന്വേഷണം വഴിതിരിച്ചുവിടാന്‍ സാധിക്കുമെന്ന് ഇതു വ്യക്തമാക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Top