Sunanda Pushkar case: Tharoor likely to be quizzed this month

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം അവസാനത്തോടെയാണ് ചോദ്യം ചെയ്യലുണ്ടാവുക. ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

സുനന്ദയുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാക്‌സ് ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സുനന്ദയ്ക്ക് ഡോക്ടര്‍ അല്‍പ്രാക്‌സ് ഗുളിക നിര്‍ദ്ദേശിച്ച് നല്‍കിയതാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് ശശി തരൂരിനോട് ചോദിക്കും.

ശശി തരൂരും സുനന്ദയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ മൊഴിയില്‍ പറഞ്ഞിരുന്നു.

സുനന്ദ പുഷ്‌കറുടെ മരണകാരണം പൊളോണിയമോ മറ്റേതെങ്കിലും റേഡിയോ ആക്ടീവ് പദാര്‍ത്ഥമോ അല്ലെന്നായിരുന്നു പരിശോധനാഫലം. അമേരിക്കയില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വിശദാംശങ്ങള്‍ എഫ്ബിഐ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും ഈ വര്‍ഷം ആദ്യം സുനന്ദയെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തുകയായിരുന്നു.

Top