സുനന്ദ പുഷ്‌കര്‍ കേസ് ; ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വീണ്ടും പരിശോധന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന.

രോഹിണിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയാണ് മുറിയില്‍ പരിശോധന നടത്തുന്നത്.

സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ട ഹോട്ടല്‍ മുറി തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

മൂന്നു വര്‍ഷമായി മുറി അടച്ചിട്ടിരിക്കുന്നതിനാല്‍ 50 ലക്ഷം രൂപയോളം നഷ്ടമുണ്ടായതു വ്യക്തമാക്കിയാണു ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്.

ഇതേത്തുടര്‍ന്നാണ് മുറിയില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വീണ്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

പൊലീസിന്റെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം 345-ാം മുറി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതു തുറന്നു കൊടുക്കാന്‍ മെട്രൊപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ജൂലൈ 21ന് ഉത്തരവിട്ടിരുന്നു.

പൊലീസും ഫൊറന്‍സിക് വിദഗ്ധരും പല തവണ ഹോട്ടല്‍ മുറി പരിശോധിച്ചുവെന്നും ഇനിയും പൂട്ടിയിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതി വിധി.

മുറി തുറക്കാന്‍ ഉത്തരവിട്ടു നാലാഴ്ചയ്ക്കു ശേഷവും നടപടി സ്വീകരിക്കാത്തതില്‍ ഡല്‍ഹി പൊലീസിനെതിരെ കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു.

പ്രതിദിനം 55,000 രൂപ മുതല്‍ 61,000 രൂപ വരെ നിരക്കുള്ള മുറിയാണിത്.

അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ പൊലീസിനോട് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലെ 345-ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top