സുനന്ദയുടെ മരണം ; കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി, വിചാരണ ഈ മാസം 21 ന് ആരംഭിക്കും

ന്യൂഡല്‍ഹി;സുനന്ദ പുഷ്‌ക്കര്‍ കേസുമായി ബന്ധപ്പെട്ട വിചാരണ ഫെബ്രുവരി 21ന് ആരംഭിക്കും. കേസ് പരിഗണിച്ച ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് വിചാരണ ഈ മാസം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായും അദ്ദേഹം സൂചിപ്പിച്ചു.

കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹര്‍ജിയും കോടതി തള്ളി. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്.

സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 14 നാണ് ഡല്‍ഹി പൊലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

Top