ചൂട് ഉയരുന്നു; സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് 10 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് ഈ മാസം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ശരാശരി താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെയും താപനില ശരാശരി ഉയരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കോഴിക്കോട് , കൊല്ലം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് സൂര്യാതാപമേറ്റത്.

11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാന്‍ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്.

Top