സ്ഥാനാര്‍ഥിയായിരിക്കെ സമന്‍സയക്കുന്നത് ഉചിതമായ നടപടിയല്ല; ഇ.ഡിക്കെതിരെ രാജസ്ഥാന്‍ ഹൈകോടതി

ജയ്പൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ ഹൈകോടതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മേവ റാം ജെയിന് എതിരെ ഇ.ഡി സമന്‍സ് അയച്ചതിലാണ് വിമര്‍ശനം. സ്ഥാനാര്‍ഥിയായിരിക്കുന്ന സാഹചര്യത്തില്‍ ഇ.ഡി സമന്‍സയക്കുന്നത് ഉചിതമായ നടപടിയല്ലെന്നും രാജസ്ഥാന്‍ ഹൈകോടതി ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാര്‍ണറില്‍ നിന്നാണ് ജെയിന്‍ ജനവിധി തേടുന്നത്.

നവംബര്‍ 25നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 20ന് ജയ്പൂരില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ജെയിനിന് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിന്ന് 500 കി.മി അകലെയാണ് ജയ്പൂര്‍. സ്ഥാനാര്‍ഥിയായതിനാല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയേ തീരൂ. ഈ സാഹചര്യത്തില്‍ 500 കി.മി ദൂരം താണ്ടി ജയ്പൂരിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറയുന്നത് ശരിയല്ല. എന്തിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത് എന്ന കാര്യം സമന്‍സില്‍ വ്യക്തമാക്കിയിട്ടുമില്ല.-ജസ്റ്റിസ് ഫര്‍ജന്ദ് അലി നിരീക്ഷിച്ചു.

തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അറിയാനുള്ള അവകാശവും ജെയിനിനുണ്ട്. അതറിഞ്ഞാല്‍ മാത്രമേ പ്രതിരോധിക്കാനുള്ള സാധനങ്ങള്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുള്ളൂവെന്നും ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡിക്ക് പുതിയ നോട്ടീസ് അയക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. അത് തെരഞ്ഞെടുപ്പ് ഫലമറിയുന്ന ഡിസംബര്‍ മൂന്നിന് ശേഷമായാല്‍ കൂടുതല്‍ നന്നാകുമെന്നും കോടതി പറഞ്ഞു.

Top