തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അതൃപ്തി പ്രകടിപ്പിച്ച് സുമിത്ര മഹാജന്‍ പിന്മാറി

ന്യൂഡല്‍ഹി:സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു.
തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വരെയും പ്രഖ്യാപിക്കാതിരുന്ന നേതൃത്വത്തോട് പ്രതിഷേധം അറിയിച്ച് കൊണ്ടാണ് സുമിത്രയുടെ പിന്‍മാറ്റം.

‘ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ. ഒരു പ്രത്യേക തീരുമാനമെടുക്കാന്‍ പാര്‍ട്ടി വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സീറ്റിനെ സംബന്ധിച്ച് ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു മടിയുള്ളത് പോലെ തോന്നുന്നു. അത് കൊണ്ടാണ് ഞാനീ പ്രഖ്യാപനം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല’. ഇനി പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം സുമിത്ര മഹാജന്റെ കത്തില്‍ പറയുന്നു.

ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ഇക്കാര്യമറിയിച്ചു. വരുന്ന ഏപ്രില്‍ 12ന് 76 വയസ് പൂര്‍ത്തിയാകുന്ന സുമിത്രക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടിരുന്നെന്നും അത് മറ്റ് പലരില്‍ നിന്നും അറിഞ്ഞ അവര്‍ പാര്‍ട്ടിയെ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നുമാണ് വിവരം.

നിലവിലെ സ്പീക്കറായ സുമിത്ര മഹാജന്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കിലും ആദ്യഘട്ടത്തില്‍ അവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഇത് ബിജെപിയെ കുഴക്കിയിരുന്നു. ഇന്‍ഡോറിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്‍ഡോറില്‍ മാത്രം അനിശ്ചിത്വം തുടരുന്നതിനിടെയാണ് സുമിത്ര മഹാജന്‍ സ്വയം പിന്‍മാറുകയാണെന്ന് അറിയിച്ചത്.

ഇതോടെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായി അവഗണിക്കുന്ന സമീപനമാണ് ബിജെപിയുടേതെന്ന വിമര്‍ശം കൂടുതല്‍ ശക്തമായി. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് ലോക്‌സഭാംഗമായ സുമിത്രക്ക് കാര്യമായ സ്വാധീനമുണ്ട്. മെയ് 19 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുക.

Top