മുഖ്യമന്ത്രിയുടെ മകനുമേൽ വൻജയം ! ഡൽഹിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് സുമലത

ലയാളിയുടെ മനസ്സ് കീഴടക്കിയ ‘തൂവാന തുമ്പി’ ഇനി പാര്‍ലമെന്റിലും താരമാകും.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരും മുന്‍പേ വിജയം ഉറപ്പിച്ച് കഴിഞ്ഞവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് നടി സുമലത. എതിര്‍ സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡ പരാജയപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗം തന്നെ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരിക്കും സുമലതയുടെ വിജയമെന്നാണ് പ്രവചനം.

2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡ്യയിലെ എല്ലാ സീറ്റുകളും തുത്ത് വാരിയ കുമാരസ്വാമിയുടെ ജെ.ഡി.എസ് അഭിമുഖീകരിക്കുന്നത് വലിയ വെല്ലുവിളിയാണ്.കോണ്‍ഗ്രസ്സുമായി സഖ്യമായി മത്സരിച്ചിട്ടും ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും നിഖിലിനെ കൈവിടുകയായിരുന്നു.

ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സുമലതക്ക് പിന്തുണ നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സജീവമായാണ് പ്രചരണത്തിന് ഇറങ്ങിയിരുന്നത്. കാവി പതാകയും കോണ്‍ഗ്രസ്സ് പതാകയും ഒരുമിച്ച് ഒരേ വാഹനത്തില്‍ പറക്കുന്ന അത്ഭുത കാഴ്ചക്കാണ് ഇവിടം സാക്ഷ്യം വഹിച്ചത്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന അന്തരിച്ച നടന്‍ അംബരീഷിന്റെ ജന്മനാടായ മദ്ദൂര്‍ , മലവള്ളി, മണ്ഡ്യ എന്നിവടങ്ങളില്‍ ചരിത്ര ഭൂരിപക്ഷമാണ് സുമലതക്ക് പ്രവചിച്ചിരിക്കുന്നത്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഇവിടങ്ങളിലെ സിറ്റിംഗ് എം.എല്‍.എമാരെ കുറ്റപ്പെടുത്തി കുമരസ്വാമി രംഗത്ത് വന്നിട്ടുണ്ട്. മകന്റെ തോല്‍വി പിതാവെന്ന നിലയില്‍ കുമാരസ്വാമിക്കാണ് വലിയ തിരിച്ചടിയുണ്ടാക്കുക. മക്കള്‍ രാഷ്ട്രീയം പയറ്റുന്ന ദേവഗൗഡ കുടുംബത്തിനുള്ള വലിയ പ്രഹരമായി തന്നെ അത് മാറും.

സുമലതയെ പിന്തുണച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തള്ളി കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇവിടെയും ഒരു സാധ്യത ഹൈക്കമാന്റ് കാണുന്നുണ്ട്. തൂക്ക് സഭയാണ് കേന്ദ്രത്തില്‍ വരുന്നതെങ്കില്‍ ഓരോ സ്വതന്ത എം.എല്‍.എമാരുടെയും നിലപാട് നിര്‍ണ്ണായകമാകും. ബി.ജെ.പിക്ക് മാത്രമല്ല കോണ്‍ഗ്രസ്സിനും അത്തരമൊരു ഘട്ടത്തില്‍ സുമലതയെ സ്വാധീനിക്കാന്‍ കഴിയും. ഭര്‍ത്താവിന്റെ പാര്‍ട്ടിയെ സുമലത കൈവിടില്ലന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

മണ്ഡ്യയില്‍ സുമലതയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്സും പരിഗണിച്ചിരുന്നു. എന്നാല്‍ ജെ.ഡി.എസ് ഈ സീറ്റ് കിട്ടിയേ തീരൂ എന്ന് വാശി പിടിച്ചതോടെ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനം ഈ മണ്ഡലത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തള്ളികളയുകയായിരുന്നു.

സുമലതയെ കാവി പടക്കൊപ്പം ഉറപ്പിച്ച് നിര്‍ത്താന്‍ ബി.ജെ.പിയും ശക്തമായ ഇടപെടലാണ് നിലവില്‍ നടത്തി വരുന്നത്. സുമലതക്ക് വേണ്ടി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി സ്വീകരിച്ച നിലപാട് തന്ത്രപരമായിരുന്നു. വിജയിക്കാന്‍ സാധ്യത ഇല്ലാത്ത മണ്ഡലം പിടിച്ചെടുക്കുക തന്നെ ആയിരുന്നു ലക്ഷ്യം.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എന്നതിനാല്‍ സുമലതയെ സംബന്ധിച്ച് കേന്ദ്രത്തില്‍ ആരെ പിന്തുണക്കാനും വിപ്പ് തടസ്സമല്ല. സുമലതയെ പോലെ വിജയിച്ച് വരുന്ന സ്വതന്ത്ര എം.പിമാരില്‍ എത്ര പേരെ കൂടെ കൂട്ടാന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും കഴിയുമെന്നതും കേന്ദ്രത്തില്‍ നിര്‍ണ്ണായകമാണ്.

അതേസമയം കര്‍ണ്ണാടകയില്‍ നിന്നും ഭൂരിപക്ഷം സീറ്റും തൂത്തുവാരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28ല്‍ 17 സീറ്റും ബിജെപിയാണ് നേടിയിരുന്നത്. കോണ്‍ഗ്രസിന് 9 ഉം,ജെ.ഡി.എസിന് രണ്ടും സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

കേന്ദ്രത്തില്‍ മോദി വീണ്ടും അധികാരമേല്‍ക്കുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78 സീറ്റു നേടിയ കോണ്‍ഗ്രസ്സ് 38 സീറ്റ് നേടിയ ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നല്‍കി സര്‍ക്കാറില്‍ ചേര്‍ന്നത് ഇരു പാര്‍ട്ടികളിലും ഇപ്പോഴും കല്ലുകടി തന്നെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമായാല്‍ കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലെത്താനും സാധ്യത ഏറെയാണ്.

ആദ്യം തന്നെ കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിടുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിനു ശേഷമായിരിക്കും പൊതു തിരഞ്ഞെടുപ്പിലേക്ക് പോകണമോ, യെദ്യൂരപ്പ സര്‍ക്കാര്‍ ഉണ്ടാക്കണമോ എന്ന കാര്യം തീരുമാനിക്കുക.ജെ.ഡി.എസിന് ലഭിക്കുന്ന എം.പിമാരുടെ എണ്ണവും അവ കേന്ദ്രത്തില്‍ ആര്‍ക്ക് ഗുണം ചെയ്യുമെന്നത് കൂടി അനുസരിച്ചായിരിക്കും കര്‍ണ്ണാടകയുടെ ‘വിധി’ മാറ്റി എഴുതപ്പെടുക.

Top